നടുവിൽ: മലയോര ഹൈവേയിൽ കരുവഞ്ചാലിനും നടുവിലിനും ഇടയിൽ താവുകുന്നിൽ ഭാരവാഹനങ്ങൾ റോഡിൽ കുടുങ്ങുന്നതു പതിവാകുന്നു. ഇന്നലെ പുലർച്ചെ ബംഗളൂരുവിൽ നിന്നും ചെറുപുഴ ഭാഗത്തേക്ക് ജൽജീവൻ മിഷൻ പദ്ധതിക്കു വേണ്ടി കൂറ്റൻ ഇരുമ്പു പൈപ്പുകൾ കൊണ്ടു പോകുന്ന വലിയ ലോറി റോഡിന് കുറുകെ താഴ്ചയിലേക്ക് തള്ളി നിൽക്കുന്ന വിധത്തിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം നേരെയാക്കി യാത്ര തുടർന്നത്.
സ്ഥിരം അപകടങ്ങൾ നടക്കുന്ന ഒരു പ്രദേശം കൂടിയാണിത്. 2022 ൽ മലയോര ഹൈവേ ഉദ്ഘാടനം ചെയ്തതിനുശേഷം ഇവിടെ വളവുകളിൽ 100 ലേറെ വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ മൂന്നുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മലയോര ഹൈവേയുടെ നിർമാണത്തിലെ അപാകതകളാണ് ഇവിടെ സ്ഥിരം അപകട മേഖലയായി മാറിയതിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
വലിയ കയറ്റവും വളവുകളും റോഡിന്റെ ഒരുഭാഗത്ത് 30 അടിയിലേറെ താഴ്ചയുമുള്ള മേഖലയാണിത്. നടുവിൽ താവുകുന്ന് കവലയിൽ നിന്നും താവുകുന്ന് തോട് വരെയുള്ള ഏകദേശം ഒരുകിലോമീറ്റർ പ്രദേശത്താണ് നിരന്തരം അപകടക്കെണിയായി മാറിയിരിക്കുന്നത്. ഇവിടെ ജനവാസം കുറഞ്ഞ സ്ഥലം ആയതിനാൽ രാത്രികാലത്തും മറ്റും വാഹനാപകടം നടന്നാൽ നാട്ടുകാർ വിവരമറിയുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും തടസം ഉണ്ടാകുന്നു.
പ്രദേശത്ത് തെരുവ് വിളക്കുകൾ എണ്ണത്തിൽ കുറവാണ്. ഉള്ളവ തന്നെ കത്തുന്നില്ല. വെളിച്ചക്കുറവു കാരണം അന്യദേശങ്ങളിൽ നിന്ന് എത്തുന്ന ഡ്രൈവർമാർക്ക് റോഡിൽ വ്യക്തമായ കാഴ്ച കിട്ടുന്നതിന് തടസമാകുന്നു. റോഡിലേക്ക് തള്ളി നിൽക്കുന്ന മരച്ചില്ലകളും റോഡരികിലെ പൊന്തക്കാടുകളും ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അപകടങ്ങൾ നടക്കുന്ന വേളയിൽ ഇതുസംബന്ധിച്ച മാധ്യമ വാർത്തകൾ ഉണ്ടാവുമെങ്കിലും ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള നടപടികളും ഉണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്ത് അധികൃതർ തെരുവുകള് കത്തിക്കുന്നതിനും റോഡരികിലെ കാടുവെട്ടിത്തെളിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെടുന്നു.